
Kudremukh Trek – സഞ്ചാരി ബാംഗ്ലൂർ ടീമിന്റെ മൂന്നാമത്തെ മൺസൂൺ യാത്ര – ട്രിപ്പ് അന്നൗൻസ് ചെയ്‍തപ്പോ പോവാൻ കഴിയില്ലെന്ന് കരുതിയ ഒരു യാത്ര ആയാണ് തുടങ്ങിയത് . ഓഫീസിൽ ഒരുപാട് ജോലി ഉണ്ടായതു കൊണ്ട് ആദ്യമൊന്നും വലിയ താല്പര്യവും ഞാൻ കാണിച്ചിരുന്നില്ല. പിന്നെ അവിടത്തെ ഫോട്ടോസും കയറാനുള്ള 20 കിലോമീറ്റർ മലയും ഓർത്തപ്പോൾ ജോലി എല്ലാം തീർത്തു ട്രിപ്പിന് പോവാൻ തന്നെ തീരുമാനിച്ചു. 2 ദിവസം പ്ലാൻ ചെയ്‌ത യാത്ര പയ്യന്നൂർ തെയ്യം അടക്കം 3 ദിവസത്തേക്കു മാറ്റിയപ്പോൾ ആദ്യം മനസ്സിൽ വന്നത് 1000 KM ബുള്ളറ്റിൽ ഉള്ള റൈഡ് ആയിരുന്നു. 4 ബൈക്കിലും 5 കാറിലും ആയി 23 പേരായിരുന്നു ഞങ്ങളുടെ ടീം. വെള്ളിയാഴ്ച വൈകീട്ട് ഇറങ്ങി ബൈക്കിൽ ഉള്ളവർ ബെലൂരും കാറിൽ ഉള്ളവർ കുദ്രേമുഖിനു അടുത്തുള്ള ഹൊറനാടും സ്റ്റേ ചെയ്യാൻ ആയിരുന്നു പ്ലാൻ.
ഞാനും സുഹൃത്ത് റോബിനും അല്ലാത്ത മറ്റെല്ലാവരും 4 മണിക്ക് തന്നെ ഇറങ്ങി. ജോലി എല്ലാം ഒരുവിധം തീർത്തു ഞാനും റോബിനും യാത്ര തുടങ്ങിയപ്പോഴേക്കും സമയം വൈകിയിരുന്നു. പിന്നെ മണിക്കൂറിൽ ഒന്നോ രണ്ടോ കിലോമീറ്റർ മാത്രം നീങ്ങുന്ന ബാംഗ്ലൂരിലെ ട്രാഫിക് എല്ലാം കഴിഞ്ഞു ഞങ്ങടെ മീറ്റിംഗ് പോയിന്റ് ആയ നെലമംഗല എത്തിയപ്പഴേക്കും സമയം 10 കഴിഞ്ഞു (ഞങ്ങടെ പ്ലാൻ 8 മണിക്ക് മീറ്റ് ചെയ്യാൻ ആയിരുന്നു 😉 ). നെലമംഗലയിൽ നിന്നും 40 കിലോമീറ്റർ പോയപ്പോഴേക്കും വിശപ്പിന്റെ വിളി ശക്തമാവാൻ തുടങ്ങി. റോഡ് സൈഡിൽ കണ്ട ഒരു ഹോട്ടലിൽ നിന്നും വലിയ രണ്ടു പ്ലേറ്റ് ചപ്പാത്തിയും കഴിച്ചു ഞങ്ങൾ രണ്ടു പേരും യാത്ര തുടർന്നു. ഞാൻ ബുള്ളെറ്റിലും റോബിൻ പൾസറിലുമായാണ് പോകുന്നത്. നീണ്ടു കിടക്കുന്ന റോഡിലൂടെ ബൈക്ക് ഓടിച്ചു പോവുമ്പോ കിട്ടുന്ന ഉന്മേഷം അതൊന്നു വേറെ തന്നെയാണ്, ഈ ഒരു സുഖം കാറിൽ വിന്ഡോ ക്ലോസ് പോവുമ്പോ കിട്ടുമോ എന്ന് സംശയം തന്നെയാണ്. ഓഫീസിലെ നല്ല തിരക്കുള്ള ജോലിക്കിടയിൽ കിട്ടുന്ന ഏറ്റവും വലിയ ആശ്വാസം തന്നെയാണ് ഇങ്ങനെയുള്ള യാത്രകൾ. ഹസ്സൻ എത്തിയപ്പഴേക്കും നല്ല മഞ്ഞു തുടങ്ങിയിരുന്നു. പല സ്ഥലത്തും മുന്നിൽ ഉള്ള റോബിനെ അല്ലാതെ മറ്റൊന്നും മഞ്ഞിൽ കാണുന്നുണ്ടായിരുന്നില്ല. മഞ്ഞും കൊണ്ട് ഇടക്കൊരു ചായയും കുടിച് ബേലൂർ എത്തിയപ്പോഴേക്കും സമയം ഒന്ന് കഴിഞ്ഞിരുന്നു. നേരത്തെ ഉറങ്ങണം എന്നും പറഞ്ഞു പോയ അനിലും ഉല്ലാസ് ഏട്ടനും മര്യാദക് ഉറങ്ങിയിട്ടില്ലെന്നു അവരെ കണ്ടപ്പോൾ തന്നെ മനസിലായി. ബേലൂരിലെ താമസത്തിനു ഞങ്ങൾ ബുക്ക് ചെയ്ത ഡോര്മിറ്ററി എന്നെ ശരിക്കും അത്ഭുതപ്പെടുത്തി, 30 പേർക്ക് കിടക്കാനുള്ള ഡോര്മിറ്ററിയിൽ ഞങ്ങൾ 4 പേർ മാത്രം. നല്ല വൃത്തിയുള്ള 3 ബാത്‌റൂംസ്. എല്ലാം കൊണ്ടും സുഖമായി ഒരു ദിവസം താങ്ങാൻ പറ്റുന്ന സ്ഥലം. Mayura Velapuri Belur എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി ഒരു ബെഡിനു 150 rs മാത്രം.
നീണ്ട “രണ്ടു” മണിക്കൂർ ഉറക്കത്തിനു ശേഷം ഉണർന്നപ്പോൾ 20 കിലോമീറ്റർ ഉള്ള കുദ്രെമുഖ് ട്രെക്കിങ് മാത്രമായിരുന്നു മനസ്സിൽ, 20 കിലോമീറ്റർ ഒന്നും എൻ്റെ ജീവിതത്തിൽ ഞാൻ ഒരു ദിവസം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ ട്രെക്കിങ് ഒരു മറക്കാനാവാത്ത അനുഭവം ആയിരിക്കും എന്നെനിക്കുറപ്പായിരുന്നു. പെട്ടെന്ന് തന്നെ ഞങ്ങൾ 4 പേരും കുദ്രെമുഖ് പോവാൻ റെഡി ആയി. 8 മണി ആവുമ്പോഴേക്കും അവിടെ എത്താനാണ് പ്ലാൻ അപ്പോഴേക്കും ബാക്കി കാറിൽ ഉള്ളവർ അവിടെ എത്തും. രാവിലെ നേരത്തെ മഞ്ഞിലൂടെ നീലാകാശത്തിലെ പാട്ടും കേട്ട് ബുള്ളറ്റിൽ പോവുമ്പോ നമ്മളും ഒരു ദുൽഖർ സൽമാൻ ആയി എന്നൊരു തോന്നൽ ആണ്. 2 മണിക്കൂർ റൈഡിനു ശേഷം ഞങ്ങൾ ബ്രേക്‌ഫാസ്റ് കഴിക്കാൻ മുദിഗെരെ ക്കടുത്തുള്ള കോഫി ലൗഞ്ചിൽ നിർത്തി. എല്ലാവരും ഒരോ പ്ലേറ്റ് ഇഡ്‌ലി വട ഓർഡർ ചെയ്തു, പിന്നെ മല കയറാൻ കൂടുതൽ ശക്തി വേണ്ടത് കൊണ്ട് മാത്രം 2 ഇഡലി കൂടുതലും വാങ്ങി ;P . 8.30 ഓടെ ഞങ്ങൾ കുദ്രെമുഖ് പാർക്കിംഗ് പോയിന്റിൽ എത്തി. ബാക്കി ഉള്ളവർ എല്ലാം അപ്പോഴേക്ക് അവിടെ എത്തിയിരുന്നു. അവിടെ നിന്നും 6 KM ഓഫ് റോഡ് കഴിഞ്ഞിട് വേണം ഞങ്ങള്ക് അരുണിന്റെ ഹോം സ്റ്റയിൽ എത്താൻ. കഴിഞ്ഞ തവണ കൂർഗിൽ പോയപ്പോ ഉണ്ടായ ആഗ്രഹം ആയിരുന്നു ഇങ്ങനെയുള്ള ഒരു ഓഫ് റോഡ് റൈഡ്, അതുകൊണ്ട് എന്റെ ഈ യാത്രയിലെ ഏറ്റവും വലിയ അട്ട്രാക്ഷനും ഇതു തന്നെ ആയിരുന്നു. കൂടുതൽ കഷ്ടപെടാതെ ഞങ്ങൾ മുകളിലെത്തി. റോബിന്റെ പോക്ക് കണ്ടിട്ട് ഓഫ് റോഡ് റൈഡിനു ബുള്ളറ്റിനേക്കാൾ നല്ലത് പൾസർ ആണോ എന്ന് തോന്നിപോയി. ഒരു ചെറിയ മനോഹരമായ വില്ലേജ് ഹോമിൽ ആയിരുന്നു ഞങ്ങളുടെ സ്റ്റേ. ഒരു ബെഡ്‌റൂമും ഒരു ഹാളും മാത്രം ഉള്ള ഒരു ചെറിയ വീട്. ബെഡ്‌റൂമിൽ ഞങ്ങളുടെ സാധനങ്ങൾ എല്ലാം വച്ചു. എല്ലാവര്ക്കും കൂടി ഒരു ബാത്രൂം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 15 പേർ എങ്ങനെ ഈ വീട്ടിൽ കഴിയും എന്നെനിക് ആദ്യം ഒരു സംശയം തോന്നിയെങ്കിലും രാത്രി ആയപ്പോ അത് മാറി. ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം എന്നാണല്ലോ.

മല കയറാൻ വേണ്ട കുറച്ചു വെള്ളവും ഉച്ച ഭക്ഷണവും പിന്നെ വേസ്റ്റ് ഇടാനുള്ള ഗാർബേജ് ബാഗും എടുത്ത് ഞങ്ങൾ എല്ലാവരും 10 മണി ആയപ്പോഴേക്കും റെഡി ആയി. ഇനി 20 KM ട്രെക്കിങ് ആണ് കർണാടകയിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ മലയായ കുദ്രേമുഖിന്റെ മുകളിലേക്ക്. ഒരു ശര്കരയിട്ട കാപ്പിയും കുടിച്ചു കൊണ്ട് താഴെ ഫോറെസ്റ് ഓഫീസിൽ നിന്നും പെർമിഷൻ എടുത്തു ഞങ്ങൾ മല കയറാൻ തുടങ്ങി. ഞങ്ങൾക്കു എത്തിച്ചേരേണ്ട സ്ഥലം ദൂരത്തു നിന്ന് തന്നെ കാണാമായിരുന്നു. ഇതൊക്കെ എന്ത് എന്നൊരു തോന്നലുമായി ആദ്യത്തെ 5 KM ചെറിയ കയറ്റവും ഇറക്കവുമായി കഴിഞ്ഞു. എന്നാൽ പിന്നീടങ്ങോട്ട് കുത്തനെയുള്ള കയറ്റമായിരുന്നു. ആദ്യത്തെ മല കുറച്ചു കഷ്ടപ്പെട്ട് ഇനി കയറണോ എന്ന സംശയത്തോടെ കയറി മുകളിലെത്തി ഒരു മരം കണ്ടപ്പോൾ സ്വർഗം കിട്ടിയ പോലെ ആണെനിക്ക് തോന്നിയത്. കുറച്ചു നേരം മരത്തിന്റെ ചുവട്ടിൽ എല്ലാവരും വിശ്രമിച്ചു. ഇനിയും ഇത് പോലെയുള്ള 3 മല കയറണം എന്ന് ഞങ്ങളുടെ ഗ്രൂപ്പ് അഡ്മിൻ ആയ സന്തോഷേട്ടൻ പറഞ്ഞപ്പോൾ ശരിക്കും പകച്ചു പോയി എന്റെ ബാല്യം. 5 KM ഉണ്ട് ഇനിയും മലയുടെ മുകളിലെത്താൻ എന്നാലും ഇനി കയറാതെ പോകുന്നത് ശരിയല്ലല്ലോ എന്നോർത്തു വീണ്ടും നടക്കാൻ തുടങ്ങി. കാട്ടിലൂടെ നടന്നു കാട്ടരുവിയിലെ വെള്ളവും കുടിച്ചുള്ള യാത്ര ഒരു മറക്കാനാവാത്ത അനുഭവം തന്നെയാണ്. നമ്മുടെ വീട്ടിലെ ഫ്രിഡ്ജിനെക്കാൾ തണുപ്പുണ്ട് അവിടത്തെ വെള്ളത്തിന്. രാവിലത്തെ ഇഡ്ഡലിയുടെ ശക്തിയെല്ലാം കഴിഞ്ഞത് കൊണ്ട് മുകളിലെത്തി കഴിക്കാനുള്ള ഭക്ഷണത്തിന്റെ പകുതി വഴിയിൽ വച്ചുതന്നെ ഞങ്ങൾ തീർത്തു. കുറച്ചു ദൂരം ചെന്നപ്പോൾ പിന്നെ ചുറ്റും പച്ച വിരിച്ച മലകൾ മാത്രം എന്നാൽ ഓരോ ഭാഗത്തുനിന്നും നോക്കുമ്പോഴും വളരെ വ്യത്യസ്തമായ കാഴ്ച്ച ആയിരുന്നു ഓരോ മലകൾക്കും.10 മണിക്ക് തുടങ്ങിയ ട്രെക്കിങ് ഒരു 2.30 ഓടെ ഞങ്ങൾ മലയുടെ മുകളിലെത്തി. 10 കിലോമീറ്റർ നടന്നു അവിടെ എത്തിയപ്പോൾ ശരിക്കും ഒരു എവറസ്റ്റ് കീഴടക്കിയ സന്തോഷം ആയിരുന്നു. ഓരോ ട്രെക്കിങ്ങും നമുക്ക് തരുന്നത് വ്യസ്ത്യസ്തമായ അനുഭവങ്ങൾ ആണ്, നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ നമുക്ക് കഴിയും എന്നൊരു ആത്മവിശ്വാസം ഉണർത്താൻ ഇങ്ങനെയുള്ള യാത്രകൾ നമ്മളെ ശരിക്കും സഹായിക്കും. മഞ്ഞു മൂടിക്കിടക്കുന്ന കുദ്രേമുഖിന്റെ മുകളിൽ ഞങ്ങൾ കുറച്ചു നേരം കിടന്നു.3 മണിക്ക് ശേഷം അവിടെ നിൽക്കാനുള്ള അനുവാദം ഞങ്ങൾക്കുണ്ടായിരുന്നില്ല. നേരം ഇരുട്ടിയാൽ പിന്നെ ഇഴ ജന്തുക്കൾ ഇറങ്ങുന്നത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു ഒന്നുരണ്ടു ഫോട്ടോസും എടുത്ത് മലയിറങ്ങി.

വൈകുന്നേരം ഏഴു മണിയോടെ ഞങ്ങൾ താമസ സ്ഥലത്തു തിരിച്ചെത്തി. എത്തിയ ഉടനെ അവിടുത്തെ തണുത്ത വെള്ളത്തിൽ നല്ലൊരു കുളി പാസാക്കി. ഇവിടത്തെ കുളിമുറി കുറച്ചു വ്യത്യസ്തമാണ്, കിണറുപോലെ ചൂട് വെള്ളം നിറച്ച ഒരു വലിയ കുടം പിന്നെ സദാസമയവും കാട്ടിൽനിന്നുള്ള തണുത്തവെള്ളം വരുന്ന ഒരു പൈപ്പും. കുളിക്കാനും കുടിക്കാനും ഭക്ഷണം ഉണ്ടാക്കാനും എല്ലാം അവർ ഈ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. എല്ലാവരുടെയും കുളി കഴിഞ്ഞപ്പോഴേക്കും ഞങ്ങടെ ക്യാപ്റ്റൻ ജോസ്സി ചേട്ടന്റെ നേതൃത്വത്തിൽ ഉള്ള കുക്കിംഗ് ആരംഭിച്ചു. ഉള്ളി അരിയുന്നത് ഒരു കലയാണെന്ന് തെളിയിച്ചു കൊണ്ടുള്ള ജോസ്സി ചേട്ടന്റെ അരിയൽ കണ്ട് എല്ലാവരും ക്യാമറയുമായി ചുറ്റും കൂടി. നിമിഷനേരം നേരം കൊണ്ട് പച്ചക്കറി എല്ലാം അരിഞ്ഞു തീർത്തു. ഞാൻ അരമണിക്കൂർ എടുക്കുന്ന പണിയാണ് അങ്ങേരു 10 മിനിറ്റു കൊണ്ട് തീർത്തത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്ക് രാത്രി കഴിക്കാനുള്ള ചോറും ചപ്പാത്തിയും എല്ലാം റെഡി ആയി. ചോറിന്റെ കൂടെ കിട്ടിയ തൈരിനു നല്ല സ്വാദായിരുന്നു. അവർ വളർത്തുന്ന പശുവിൽ നിന്നും അവിടെ തന്നെ ഉണ്ടാക്കുന്നതായിരുന്നു അത്. തൈരും കൂടിയുള്ള നല്ലൊരു ചോറ് കഴിച് ചെറിയ ഒരു ക്യാമ്പ് ഫയറും കഴിഞ്ഞു ഞങ്ങളെല്ലാം ഉറങ്ങാൻ റെഡി ആയി. മൂന്നു ടെന്റുകൾ മുറ്റത്ത് തന്നെ അടിച് എട്ടു പേര് അതിൽ തന്നെ കിടന്നു. ഞങ്ങൾ മൂന്ന് പേര് വീടിന്റെ തട്ടിൻ മുകളിൽ ആയിരുന്നു കിടന്നിരുന്നത്. മുകളിൽ ആയിരുന്നത് കൊണ്ട് വലിയ തണുപ്പും ഉണ്ടായിരുന്നില്ല. കിടക്കാനുള്ള ടെന്റും ബെഡ്ഷീറ്റും എല്ലാം വീട്ടുകാർ തന്നെ തന്നു. നാളെ രാവിലെ ഞങ്ങള്ക് അടുത്ത ലക്ഷ്യമായ പയ്യന്നൂരിലേക് പോകണം. രാവിലെ ഇറങ്ങാനുള്ള ആറു കിലോമീറ്റര് ഓഫ് റോഡ് റൈഡ് ഓർത്തു ഞാൻ സുഖമായി കിടന്നുറങ്ങി.